തൊടുപുഴ: മലങ്കര ജലാശയത്തില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ഇളംദേശത്ത് പ്രവര്‍ത്തിക്കുന്ന ഹൈ ലയര്‍ വുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്ലൈവുഡ് ഫാക്ടറി പൂട്ടാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പോലീസിനും തദ്ദേശ സ്വയംഭരണ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്കി.
ഫാക്ടറിയിലെ തെര്‍മിക്ക് മോട്ടോറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പുറത്തേക്ക് ഒഴുകിയ ഓയില്‍ മഴവെള്ളത്തോടൊപ്പം വടക്കനാറിലൂടെ മലങ്കര ജലാശയത്തില്‍ കലരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജലാശയത്തില്‍നിന്നുള്ള ജലവിതരണം നിര്ത്തിവയ്ക്കേണ്ടിവന്നതോടെ ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളം മുടങ്ങി.
സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കമ്പനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും വാട്ടര്‍ അഥോറിറ്റിയും സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. മലിനീകരണത്തിന് പഞ്ചായത്ത് ചുമത്തുന്ന പിഴത്തുക സ്ഥാപന ഉടമ അടയ്ക്കേണ്ടി വരും. ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമാണെന്ന് വിവിധ വകുപ്പുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതുവരെ ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് മലങ്കര ജലാശയത്തില്‍ വ്യാപകമായി രാസ ലായനി പരന്നുകിടക്കുന്നതായി കണ്ടെത്തിയത്. വിവിധ പഞ്ചായത്തുകളിലേക്കു വെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതികളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
എണ്ണപ്പാട മാറാതെ പമ്പിംഗ് തുടങ്ങില്ല
വെള്ളത്തിലെ എണ്ണപ്പാട പൂര്‍ണമായും മാറിയതിനു ശേഷമേ ശുദ്ധജല വിതരണം ആരംഭിക്കൂ എന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. കോളപ്ര ഭാഗത്തുനിന്ന് രാസലായനി മാറിയിട്ടുണ്ടെങ്കിലും മുട്ടം പമ്പ് ഹൗസിനു സമീപത്തുനിന്ന് ഇതു പൂര്‍ണമായി നീങ്ങിയിട്ടില്ല. ഇത് പൂര്‍ണമായും മാറിയെന്ന് വ്യക്തമായാല്‍ മാത്രമേ ജലവിതരണം പുനരാരംഭിക്കൂ.
ജലത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ വെള്ളം ഉപയോഗിക്കുന്നതിനു മറ്റ് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലായനി പൂര്‍ണമായും മാറാതെ വെള്ളം ഉപയോഗിച്ചാല്‍ ത്വക്ക് രോഗത്തിനും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും വരാനിടയുള്ളതിനാലാണ് പമ്പിംഗ് ആരംഭിക്കാത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലായത്തില്‍ രാസ ലായനി കലര്ന്നതിനാല് മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.